ഹരിപ്പാട് ആളില്ലാ ലെവൽക്രോസിൽ വിവാഹ ബസിൽ തീവണ്ടിയിടിച്ചുണ്ടായ ദുരന്തത്തിന് 28 വയസ്…
ഹരിപ്പാട്: 35 പേരുടെ ജീവൻ അപഹരിച്ച ചേപ്പാട് ട്രെയിൻ ദുരന്തത്തിന് ഇന്ന് 28 വർഷം. കാൽ നൂറ്റാണ്ട് പിന്നിട്ട ദുരന്തം നാട്ടുകാരുടെ മനസ്സിനേൽപ്പിച്ച മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ദേശീയപാതയിൽ നിന്നും ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തേക്കുള്ള റോഡിലെ കാവൽക്കാർ ഇല്ലാത്ത ലെവൽ ക്രോസിൽ1996 മെയ് 14ന് ആയിരുന്നു ദുരന്തമുണ്ടായത്. ഏവൂർ മൂടയിൽ തറയിൽ നാരായണന്റെ മകൻ സോമന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ടൂറിസ്റ്റ് ബസിൽ മടങ്ങിയവരാണ് ദുരന്തത്തിന് ഇരകളായത്. കായംകുളം-എറണാകുളം പുഷ്പുൾ തീവണ്ടി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന 35 പേർ അപകടസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.
പത്തനംതിട്ട എടയാറന്മുള ടിടിഎം ട്രാവൽസിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെട്ടിരുന്നു. സോമനും വധു അമ്പിളിയും പിന്നിലെ കാറിലായിരുന്നു. അമ്മയും മൂന്ന് സഹോദരങ്ങളും ഉൾപ്പെടെ 12-ൽ അധികം ബന്ധുക്കളെയാണ് അന്ന് സോമന് നഷ്ടമായത്. ദുരന്തസ്ഥലത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന ഏവൂർ ഇടയ്ക്കാട്ട് മുരളീധരൻ നായർ, ശാന്താ മന്ദിരത്തിൽ സുനിൽ കുമാർ, ഏവൂർ വടക്ക് സതീഷ് ഭവനത്തിൽ രാജലക്ഷ്മിയും ജീവിച്ചിരിക്കുന്നതിൽ ചിലർ മാത്രമാണ്.