ടിടിഇയെ ആക്രമിച്ച സംഭവത്തിൽ നടപടിയെടുക്കാതെ റെയില്‍വേ പൊലീസ്….അക്രമിയുടെ ഫോട്ടോ കൈമാറിയിട്ടും അന്വേഷണമില്ല….

കൊച്ചി: തിരുവനന്തപുരത്ത് ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ കണ്ണടച്ച് റെയില്‍വേ പൊലീസ്. ടിടിഇയെ ആക്രമിച്ച ഭിക്ഷാടകനെ കണ്ടെത്തി ഫോട്ടോ റെയില്‍വേ പൊലീസിന് കൈമാറിയിട്ടും അന്വേഷണമില്ല. ഏപ്രില്‍ നാലിനായിരുന്നു പരാതിക്കാസ്പദമായ സംഭവം.മെയ് ആറിന് സൗത്ത്‌റെയില്‍വേ സ്റ്റേഷനിലായിരുന്നു പ്രതിയെ കണ്ടത്. അക്രമത്തിനിരയായ ടിടിഇ ജയ്‌സണ്‍ അക്രമിയെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുക്കുകയായിരുന്നു. ശേഷം റെയില്‍വേ പൊലീസിന് കൈമാറി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും റെയില്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രതിയെ കണ്ടെത്താനായില്ലെന്നാണ് വിശദീകരണം.

തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സനാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ ആക്രമിച്ച ഭിക്ഷാടകന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാരുന്നു സംഭവം. മുഖത്തിനടിയേറ്റ ജയ്സൻ്റെ കണ്ണിന് പരിക്കേറ്റിരുന്നു. ഭിക്ഷക്കാരന് ട്രെയിനില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ഭക്ഷണ വില്‍പ്പനക്കാരെയും ആക്രമിച്ച ശേഷം ഇയാള്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു.

Back to top button