അഖില്‍ കൊലക്കേസ്… രണ്ടുപേര്‍ കൂടി പിടിയിൽ… കൊടും ക്രമിനലുകളായ പ്രതികള്‍ വീണ്ടും പുറത്തിറങ്ങുന്നത് തടയാൻ…

തിരുവനന്തപുരം: കരമന അഖില്‍ കൊലക്കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. ബാറിൽ വച്ച് പട്ടുപാടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ കൊലയ്ക്ക് കാരണം. കഴിഞ്ഞ  26 നുണ്ടായ സംഘർഷത്തിൽ പ്രതികളിലൊരാൾക്ക്  പരിക്കേറ്റെങ്കിലും പൊലീസിൽ പരാതി നൽകാതെ പകരം വീട്ടാൻ തീരുമാനിക്കുകയായിരുന്നു. അറസ്റ്റിലായ എട്ടുപേരെയും കോടതി റിമാന്‍ഡ് ചെയ്തു.  

അരുണ്‍ ബാബു, അഭിലാഷ് എന്നിവരെയാണ് ഇന്ന് പിടികൂടിയത്. ഇതില്‍ അരുണിന്‍റെ വീട്ടില്‍വച്ചാണ് ഗൂഡാലോചന നടന്നതെന്ന് പൊലീസ് പറയുന്നു. വോട്ടെടുപ്പ് ദിവസം വൈകുന്നേരമാണ് നേമത്തെ ബാറിൽ വച്ച് കൊല്ലപ്പെട്ട അഖിലും സുഹൃത്ത് വിശാലും പ്രതികളായ രണ്ടു പേരുമായി ഏറ്റുമുട്ടിയത്. അഖിൽ പാട്ടുപാടിയപ്പോള്‍ പ്രതികള്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. വാക്കു തർക്കം കൈയാങ്കളിയായി. സംഘർഷത്തിനിടെ പ്രതികളിൽ ഒരാളായ വിനീതിൻ്റെ തലക്ക് പരിക്കേറ്റിരുന്നു.  എന്നാൽ പ്രതികൾ പൊലീസിൽ പരാതി നൽകിയില്ല. സംഘർത്തിലുണ്ടായ കിരണ്‍ കൃഷ്ണയെന്നയാൾ അഖിലിനെയും കൂട്ടുകാരെയും വെല്ലുവിളിച്ച് ബാറില്‍നിന്ന് ഇറങ്ങി.

കൊല്ലപ്പെട്ട അഖിലിനെയും സുഹൃത്തിൻെറയും വിവരങ്ങള്‍ സംഘം അടുത്ത ദിവസം മുതൽ ശേഖരിച്ചു. പ്രതികളില്‍ ഒരാളായ അനീഷ് കാർ വാടകക്കെടുത്തു. അഖിലിനെയും സുഹൃത്തിനെയും അന്വേഷിച്ച് സംഘം കറങ്ങി. ഒടുവിൽ വീട്ടിൽ കയറി ആക്രമിക്കാൻ തീരുമാനിച്ചു. വീടിന് സമീപത്ത് അഖിലിനെ കണ്ടതോടെ അക്രമി സംഘം ചാടിയിറങ്ങി. വിനീതാണ് അഖിലിൻെറ തലയിലും ശരീരത്തിലും കോണ്‍ക്രീറ്റ് കല്ല് എറിഞ്ഞത്. അഖിൽ അപ്പുവും സുമേഷുമായിരുന്നു അക്രമി സംഘത്തിലുണ്ടയിരുന്ന മറ്റുള്ളവർ. അക്രമം കണ്ട് ഭയന്ന അനീഷ് വാഹനവുമായി അവിടെ നിന്നും മുങ്ങി.

നാല് പേര്‍ നേരിട്ടും നാലുപേര്‍ ഗൂഢാലോചനയിലും പങ്കാളികളായി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2019 ലെ അനന്ദു വധക്കേസിലെ പ്രതികളാണ് ഇവര്‍. കൊടും ക്രമിനലുകളായ പ്രതികള്‍ വീണ്ടും പുറത്തിറങ്ങുന്നത് തടയാൻ അതിവേഗം രണ്ട് വധക്കേസിലെയും വിചാരണ പൂർത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം.

Related Articles

Back to top button