യാത്രക്കാരിക്ക് ശ്വാസതടസ്സം….വിമാനത്തിന് എമർജൻസി ലാൻഡിങ്…പക്ഷേ മരണത്തിലേക്ക്..
ബിഹാറിൽ നിന്ന് മദീനയിലേക്കുള്ള ഹജ്ജ് യാത്രക്കിടയിൽ ശ്വാസതടസ്സം നേരിട്ട യാത്രക്കാരിക്ക് അടിയന്തിര ചികിത്സ നൽകാൻ വിമാനം റിയാദ് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിഹാർ സ്വദേശിനി മോമിന കാത്തൂനെ (69) യാണ് അടിയന്തിര ചികിത്സ നൽകാനായി മദീനയിലേക്കുള്ള വിമാനം അനുമതി തേടി റിയാദിൽ ഇറക്കിയത്.
മെയ് 12ന് ഞായറാഴ്ച കൊൽക്കത്തയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ട ഫ്‌ളൈ അദീലിന്റെ F3 6047 ഹജ്ജ് വിമാനത്തിൽ മകനും ഭർത്താവിനുമൊപ്പമാണ് മോമിന കാത്തൂൻ ഹജ്ജിന് പുറപ്പെട്ടത്. യാത്ര ആരംഭിച്ചു അൽപ സമയം കഴിഞ്ഞപ്പോൾ കാത്തൂമിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ആശ്വാസം കാണാതെ വന്നപ്പോൾ വിമാനത്തിലെ ക്രൂവിനെ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സ ആവശ്യമാണെന്ന് ഉറപ്പായപ്പോൾ ക്യാപ്റ്റൻ യാത്ര മധ്യേ റിയാദിൽ അടിയന്തിര ലാൻഡിങ്ങിന് അനുമതി തേടി. രോഗിയുടെ ആരോഗ്യ അവസ്ഥയും വിമാനത്താവള അധികൃതരെ അറിയിച്ചു.
യാത്രക്കാരിയുടെ രോഗവിവരത്തെക്കുറിച്ച് ക്രൂ കൈമാറിയ വിവരമനുസരിച്ച് വിമാനം ലാൻഡ് ചെയ്ത ഉടനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള എല്ലാ സൗകര്യങ്ങളും റിയാദ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. വിമാനത്താവളത്തിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ തൊട്ടടുത്തുള്ള അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ഉടനെ ഇവരെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമാനത്താവളത്തിൽ നിന്ന് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചതിനെത്തുടർന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുക്കാടെത്തി തുടർനടപടിക്കുള്ള സഹായങ്ങൾ നൽകി.