എല്ലാ ആപത്തിലും കൂടെ നിന്നിട്ടുള്ളവനാ തെരുവുനായയുടെ ജന്മദിനമാഘോഷിച്ച് നാട്ടുകാർ…100 ബിരിയാണി വിതരണം ചെയ്തു..
കൊല്ലം: ഒരു നാടിന്റെ കാവൽക്കാരനായ തെരുവുനായ തോമസിന്റെ പന്ത്രണ്ടാം ജന്മദിനം കേക്ക് മുറിച്ചും ബിരിയാണി വിതരണം ചെയ്തും ആഘോഷമാക്കി കൊല്ലം ഇരവിപുരം കെട്ടിടമൂടിലെ നാട്ടുകാർ. ജന്മദിനാശംസകളുമായി ഫ്ലക്സും അടിച്ചു. മൽസ്യത്തൊഴിലാളിയായ ഡാൽഫിന്റെ പൊന്നോമനയാണ് തോമസ്. 12 വർഷം മുൻപ് തീരപ്രദേശത്തെ പാറക്കെട്ടിൽ നിന്ന് കിട്ടിയതാണ് തോമസിനെ. അന്നുമുതൽ ഡാൽഫിന്റെ കുടുംബാംഗമാണ് തോമസ്. ഫ്ലക്സടിച്ച് വിളംബരം ചെയ്ത് നടത്തിയ പിറന്നാൾ ആഘോഷം ഒരു നാടിന്റെ സന്തോഷമായി മാറി. ബീച്ചിലെത്തിയ സഞ്ചാരികളും കേക്ക് കഴിച്ച് പങ്കാളികളായി. നാട്ടുകാർക്കായി ഒരുക്കിയത് നൂറു പൊതി ബിരിയാണിയാണ്. ഷിബു, മുത്തപ്പൻ, ബ്രൂണോ എന്നീ തെരുവു നായകളും കെട്ടിട മൂട് ദേശക്കാരുടെ കാവൽക്കാരാണ്.