രണ്ടിടങ്ങളിൽ വ്യാപക പരിശോധനയിൽ പിടികൂടിയത് 75 ലിറ്റർ ചാരായവും 235 ലിറ്റർ കോടയുമെന്ന് എക്സെെസ്…..
ആലപ്പുഴ: അര്‍ത്തുങ്കല്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായവും, 150 ലിറ്റര്‍ കോടയും, വാറ്റ് ഉപകരണങ്ങളും പിടികൂടിയെന്ന് എക്സൈസ്. സംഭവത്തില്‍ അര്‍ത്തുങ്കല്‍ സ്വദേശി ജോണ്‍ ജോസ് എന്ന യുവാവിനെ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. ആലപ്പുഴ എക്സൈസ് ഐബി വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചേര്‍ത്തല സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ടി ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആലപ്പുഴ എക്സൈസ് ഇന്റലിജന്‍സ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ റോയി ജേക്കബ്, ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനിലാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോണ്സണ് ജേക്കബ്, മോബി വര്‍ഗീസ്, സാജന് ജോസഫ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീജ, ഡ്രൈവര്‍ രെജിത് കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കുട്ടനാട് കൈനകരിയില്‍ നടത്തിയ പരിശോധനയില്‍ 55 ലിറ്റര്‍ ചാരായവും, 85 ലിറ്റര്‍ കോടയും, വാറ്റ് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തെന്നും എക്സൈസ് അറിയിച്ചു. പ്രദീപ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ചാരായവും കോടയും പിടിച്ചെടുത്തത്. ഇയാള്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നും അന്വേഷണം തുടരുകയാണെന്നും എക്സൈസ് അറിയിച്ചു. എക്സൈസ് ഐബി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടനാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വി അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.