ഹരിപ്പാട്.. സഹോദരിയെ മൺവെട്ടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു…സഹോദരൻ കുറ്റക്കാരൻ….

മാവേലിക്കര-  സഹോദരിയെ മൺവെട്ടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന കേസിൽ സഹോദരൻ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. മാവേലിക്കര ജില്ലാ അഡിക്ഷണൽ സെഷൻസ്  ജഡ്ജ് എസ്.എസ്.സീനയാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതിയായ കൃഷ്ണനെ കോടതി കുറ്റക്കാരൻ അല്ലെന്ന് കണ്ട് വെറുതെ വിട്ടു.

2019 ഒക്ടോബർ 6നാണ് കേസിന് ആസ്പദമായ സംഭവം. കൊല്ലപ്പെട്ട ഗിരിജ (47) യുടെ ഉടമസ്ഥതയിൽ ഉള്ള ഹരിപ്പാട് വാതല്ലൂർ വീട്ടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ ഗിരിജയുടെ സഹോദരനായ മണിക്കുട്ടൻ എന്ന് വിളിക്കുന്ന  ശ്രീജിത്ത് അവിടെ എത്തി മൺവെട്ടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ഗിരിജ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇവർ തമ്മിൽ വർഷങ്ങളായി കുടുംബ വീടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. അന്നത്തെ ഹരിപ്പാട് സി.ഐ ബിജു.വി.നായർ ആണ് കേസ്സ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.കെ.സജി കുമാർ ഹാജരായി. പ്രതിയായ ശ്രീജിത്തിനെ മാവേലിക്കര ജില്ലാ ജയിലിലേക്ക് മാറ്റി. കേസ് നാളെ  വിധി പറയും.

Back to top button