കാമുകന് അമ്മയോടുള്ള പ്രണയപ്പകയിൽ കൊലക്കത്തിക്കിരയാത് 18കാരി….

അമ്മയുടെ മുൻകാമുകന്‍റെ ആക്രമണത്തിൽ 18കാരി കൊല്ലപ്പെട്ടു. കാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ എത്തിയപ്പോഴാണ് ജ്യോതി എന്ന യുവതി കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അമ്മ ചമ്പാദേവിയെ പരിചരിക്കുന്നതിനായി ഉത്തർപ്രദേശിലെ ബബ്രല ടൗണിലെ ഭർതൃവീട്ടിൽ നിന്നെത്തിയതായിരുന്നു ജ്യോതി. ജ്യോതിയുടെ ഭർത്താവും ഇ-റിക്ഷാ ഡ്രൈവറുമായ ലളിതേഷും ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച ബോബി എന്നയാള്‍ വീട്ടിലെത്തി ചമ്പാ ദേവിക്ക് നേരെ കത്തി വീശി. തടയാൻ ശ്രമിച്ചപ്പോഴാണ് ജ്യോതിക്കും ലളിതേഷിനും വെട്ടേറ്റത്. സംഭവ സ്ഥലത്തു തന്നെ ജ്യോതി മരിച്ചു. ലളിതേഷ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ആറു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- ബോബിയും ചമ്പ ദേവിയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ഒരു കേസിലകപ്പെട്ട് ഗൗതം ബുദ്ധ നഗർ ജയിലിലായ ബോബി, 15 ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. താൻ ജയിലിലായപ്പോള്‍ ചമ്പാ ദേവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായി എന്ന് ആരോപിച്ചാണ് ബോബി ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ചമ്പാ ദേവിയുടെ ആദ്യ ഭർത്താവ് നേരത്തെ മരിച്ചുപോയതാണ്. രണ്ടാമത്തെ ഭർത്താവ് ഇവരെ വിട്ട് ബിഹാറിലാണ് താമസം.

ബോബി കൂട്ടാളിക്കൊപ്പം കത്തിയുമായി വന്ന് മകളെയും മരുമകനെയും ആക്രമിച്ചപ്പോള്‍ ചമ്പാ ദേവി തന്‍റെ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഓടി. പൊലീസ് സ്ഥലത്തെത്തി ജ്യോതിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബോബിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബോബിക്കൊപ്പമുണ്ടായിരുന്ന ആളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button