മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു….ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി…

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി. പലയിടത്തും മഴ ലഭിച്ചു തുടങ്ങി. നിലവിൽ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. പൊള്ളും ചൂടിൽ ലോഡ് ഷെഡ്ഡിംഗ് കൂടി ഉണ്ടാകുമോ എന്നായിരുന്നു ജനങ്ങളുടെ പ്രധാന ആശങ്ക. ആവശ്യം കെഎസ്ഇബി സർക്കാരിന് മുന്നിൽ വെച്ചിരുന്നുവെങ്കിലും, തൽക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്നായിരുന്നു സർക്കാർ നിലപാട്. പകരം മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തി.
വൈദ്യുതി ഉപഭോഗം കുറക്കാനുളള നിർദ്ദേശങ്ങളും പുറത്തിറക്കി. രാത്രി കാലത്ത് എസി 26 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കാൻ പൊതുജനങ്ങളോട് കെഎസ്ഇബി നിർദ്ദേശിച്ചു. ഒൻപതിന് ശേഷം അലങ്കാരവിളക്കുകൾ പരസ്യബോർഡുകൾ എന്നിവ പ്രവർത്തിപ്പിക്കരുതെന്നടക്കം നിർദ്ദേശിച്ചു. അതെല്ലാം അവലോകനം ചെയ്ത ശേഷമാണ് ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്.

Related Articles

Back to top button