വീണ്ടുമൊരു ദൗത്യവുമായി സുനിത വില്യംസ് നാളെ ബഹിരാകാശത്തേക്ക്………….
വീണ്ടുമൊരു ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ വംശജയായ 59കാരി സുനിത വില്യംസ്. ബോയിങ് സ്റ്റാർലൈനർ പേടകത്തിലാണ് സുനിത ബഹിരാകാശത്തേക്ക് കുതിക്കുക. മെയ് ഏഴിന് ഇന്ത്യൻ സമയം രാവിലെ എട്ടിന് ശേഷമാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്ക് കുതിക്കുക. ബുച്ച് വിൽമോർ എന്ന ബഹിരാകാശ യാത്രികനും സുനിതയ്ക്കൊപ്പമുണ്ടാകും. യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് യാത്രയുടെ തുടക്കം.
ബഹിരാകാശ നിലയത്തിൽ എത്തുമ്പോൾ തന്നെ സംബന്ധിച്ച് അത് വീട്ടിലേക്ക് മടങ്ങുന്നതു പോലെയാണെന്ന് സുനിത വില്യംസ് പറഞ്ഞു. പുതിയ പേടകത്തിൽ പോകുന്നതിൽ ചെറിയ പരിഭ്രമമുണ്ടെങ്കിലും വലിയ ആശങ്കകളൊന്നും ഇല്ലെന്ന് സുനിത വ്യക്തമാക്കി. 2006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശത്തേക്ക് പറന്ന സുനിത വില്യംസ്, 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു. ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശത്ത് നടന്ന റെക്കോർഡും സുനിതയ്ക്ക് സ്വന്തം. 10 തവണ നടന്ന പെഗ്ഗി വിറ്റ്സണ്‍ പിന്നീട് ആ റെക്കോർഡ് മറികടന്നു.