ആരോഗ്യ മന്ത്രിയുടെ മിന്നൽ പരിശോധന; കമ്പ്യൂട്ടര്‍ കേടായെന്ന് തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. ജനറല്‍ ആശുപത്രിയിലെ മുന്‍വശത്തുള്ള പാസ് കൗണ്ടറിലാണ് മന്ത്രി ആദ്യമെത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും രണ്ട് കൗണ്ടറുകളുള്ളതായി ബോര്‍ഡുണ്ടെങ്കിലും ഒരു കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിക്കാറൂള്ളൂവെന്ന് ക്യൂവില്‍ നിന്ന ഒരാള്‍ പരാതി പറഞ്ഞു. ഉടന്‍ തന്നെ മന്ത്രി കൗണ്ടറില്‍ കയറി കാര്യമന്വേഷിച്ചു. അവിടെയുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞത് കമ്പ്യൂട്ടര്‍ കേടായെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ്. ഉടന്‍ തന്നെ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചുവരുത്തി. എന്നാല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലായി. ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടര്‍ പുന:സ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.സ്റ്റാഫ് നഴ്‌സുമാരായി ജോലി ചെയ്തിട്ടും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ചിലര്‍ പരാതിപ്പെട്ടു. തടസങ്ങള്‍ നീക്കി അവര്‍ക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button