വര്‍ഗീയതയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫിൻ്റെതീരുമാനം പരിഹാസ്യമെന്ന് ഇപി ജയരാജന്‍…
തിരുവനന്തപുരം: വടകരയില്‍ വര്‍ഗീയതയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് നിര്‍വാഹക സമിതി തീരുമാനം പരിഹാസ്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന തിരിച്ചടി ഭയന്നുള്ള മുന്‍കൂര്‍ ജാമ്യമെടുക്കല്‍ മാത്രമല്ലിത്. മണ്ഡലത്തിലുടനീളം യുഡിഎഫ് നടത്തിയ കടുത്ത വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനവികാരത്തില്‍ നിന്നും ഒളിച്ചോടാന്‍ കൂടിയാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
മണ്ഡലത്തില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് യുഡിഎഫ് പച്ചയായ വര്‍ഗീയ കാര്‍ഡിറക്കിയത്. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ പിന്‍ബലത്തോടെ നടത്തിയ ഈ പ്രചാരണം കോണ്‍ഗ്രസിനകത്തുള്ള വലിയ വിഭാഗം മതനിരപേക്ഷ-ജനാധിപത്യവാദികളില്‍ ഉള്‍പ്പെടെ കടുത്ത ആശങ്കയുണ്ടാക്കി. ഒരു വിഭാഗം ലീഗ് അണികളില്‍ പോലും അമര്‍ഷമുണ്ടായി. മറ്റ് 19 മണ്ഡലങ്ങളിലും പോകാതെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരും മണ്ഡലത്തില്‍ ഓളമുണ്ടാക്കാന്‍ നോക്കി. ഇതെല്ലാം പുറമെ കെട്ടുകാഴ്ചകളായതല്ലാതെ വോട്ടര്‍മാരെ സ്വാധീനിച്ചില്ല. മതനിരപേക്ഷ-ജനാധിപത്യ വിശ്വാസികളൊന്നാകെ എല്‍ഡിഎഫിന് പിന്നില്‍ അണി നിരന്നു.” ഈ തിരിച്ചറിവില്‍ നിന്നാണ്, കാലിനടിയിലെ അവശേഷിക്കുന്ന മണ്ണ് കൂടി ഒലിച്ചുപോകാതിരിക്കാന്‍ ഇത്തരം നാണം കെട്ട പ്രചാരണങ്ങള്‍ക്കിറങ്ങുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.