നവകേരള ബസിലെ മുഖ്യമന്ത്രിക്കസേര മുറിച്ച് ഡബിൾ സീറ്റാക്കി….
മാസങ്ങൾക്ക് മുമ്പ് വാർത്തകളിൽ നിറഞ്ഞ നവകേരള ബസ് ഇപ്പോൾ വീണ്ടും വാർത്തകളിൽ താരമായിരിക്കുന്നു. നാളെ മുതൽ കോഴിക്കോട്– ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനൊരുങ്ങുകയാണ് ഈ ബസ്. യാത്രികരുമായി സർവ്വീസ് നടത്തുന്നതിന് മുമ്പ് ബസിൽ എനെത്ങ്കിലും മാറ്റങ്ങൾ അധികൃതർ വരുത്തിയിട്ടുണ്ടോ എന്ന് പലരും സംശയിക്കുന്നുണ്ടാകും. ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ. തിരുവനന്തപുരത്ത് നിന്നും കഴിഞ്ഞ ദിവസം കോഴിക്കോടെത്തിയ നവകേരള ബസ് ആദ്യ സര്‍വീസിനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്. ബസിൻ്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. അതേസമയം അന്ന് മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കി മാറ്റി എന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുതന്നെയാണ് ബസിലെ പ്രധാന മാറ്റവും.
2023 നവംബറിലായിരുന്നു വാർത്തകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നവകേരള ബസിന്‍റെ പിറവി. നവകേരളാ യാത്രയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസാണിത്. നവകേരള സദസ് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ബസ് പൊതു ഉപയോഗത്തിനായി നിരത്തുകളില്‍ എത്തുന്നത്. ബസിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും മറ്റുമായി ജനുവരിയില്‍ ഈ വാഹനം ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. മൂന്ന് മാസത്തോളം ബസ് അവിടെ കിടന്നു. പിന്നീട് പണികള്‍ തീര്‍ത്ത് എത്തിയ ബസ് കെ.എസ്.ആര്‍.ടി.സിയുടെ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സില്‍ എത്തിച്ചു. അവിടെ നിന്നും കഴിഞ്ഞ ദിവസമാണ് കോഴിക്കോട് എത്തിച്ചത്.