അമേഠിയിൽ കാൽനൂറ്റാണ്ടിനിടെ ആദ്യമായി ഗാന്ധി കുടുംബത്തിൻ്റെ സാന്നിധ്യമില്ല….
ഗാന്ധി കുടുംബത്തിൻ്റെ ചരിത്രത്തിൽ അമേഠിയ്ക്ക് വൈകാരികമായി ഇടമുണ്ട്. അമേഠിയുടെ ചരിത്രത്തിൽ ഗാന്ധി കുടുംബത്തിനും. അടിയന്തരാവസ്ഥയുടെ കറുത്ത കാലത്ത് നിന്നും കോണ്‍ഗ്രസും ഒരുപരിധിവരെ ഇന്ദിരാ ഗാന്ധിയും ഉയിര്‍ത്തെഴുന്നേറ്റ 1980ലെ പൊതുതിരഞ്ഞെടുപ്പിലാണ് അമേഠി ആദ്യമായി നെഹ്റു കുടുംബത്തിന്റെ കൈ പിടിക്കുന്നത്. കഴിഞ്ഞ നാലുപതിറ്റാണ്ടിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അമേഠിയിൽ ഗാന്ധി കുടുംബത്തിൻ്റെ സാന്നിധ്യമില്ലാതെ നടന്ന തിരഞ്ഞെടുപ്പുകൾ വിരളമാണ്. കാൽനൂറ്റാണ്ടിനിപ്പുറം ഗാന്ധി കുടുംബത്തിൽ നിന്നും ആരും മത്സരരംഗത്തില്ലാതെ അമേഠി വീണ്ടും പോളിങ്ങ് ബൂത്തിലേയ്ക്ക് പോകുന്നു എന്നതാണ് 2024ലെ തിരഞ്ഞെടുപ്പിനെ കൗതുകകരമാക്കുന്നത്. 2004 മുതൽ തുടർച്ചയായി നാല് തവണ ഇവിടെ മത്സരിച്ച രാഹുൽ ഗാന്ധി ഇത്തവണ അമേഠി വിട്ട് റായ്ബറേലിയിലാണ് മത്സരത്തിനിറങ്ങുന്നത്.
സഞ്ജയ് ഗാന്ധിയിലൂടെയാണ് അമേഠി ഗാന്ധി കുടുംബത്തിൻ്റെ മണ്ഡലമായി അക്ഷരാർത്ഥത്തിൽ അടയാളപ്പെടുത്തുന്നത്. അടിയന്തരാവസ്ഥ കാലത്ത് സമാന്തര അധികാര കേന്ദ്രം എന്നെല്ലാം പഴികേട്ട സഞ്ജയ് ഗാന്ധി 1977ല്‍ അമേഠിയില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ 1980ല്‍ അമേഠിയില്‍ തന്നെ മത്സരിച്ച സഞ്ജയ് ഗാന്ധി 128,545 വോട്ടിന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഗാന്ധി കുടുംബത്തിലെ ഭിന്നതയ്ക്ക് കൂടി ഇത് കാരണമായി. ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും മത്സരിക്കാന്‍ സഞ്ജയ് ഗാന്ധിയുടെ പങ്കാളി മനേക ഗാന്ധി ആഗ്രഹിച്ചിരുന്നു. അതിനായി മനേക സ്വന്തം നിലയില്‍ നീക്കവും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ദിരാ ഗാന്ധിക്കുണ്ടായ അനിഷ്ടമാണ് മനേകയ്ക്ക് ഗാന്ധി കുടുംബത്തിലെ സ്ഥാനവും നഷ്ടമാക്കിയത്. ഈ നിലയിൽ ഗാന്ധി കുടുംബത്തിലെ ഭിന്നതയിലും അമേഠിയുടെ പങ്ക് അടയാളപ്പെടുത്തിയിട്ടുണ്ട്.