അടൂരിൽ എട്ട് വയസുകാരി മരിച്ചത് ഷിഗല്ല മൂലമെന്ന് സംശയം..ആരോഗ്യ വിഭാഗത്തിന്റെ പരിശോധന….
അടൂര്‍ കടമ്പനാട് എട്ട് വയസുകാരി മരിച്ചത് ഷിഗല്ല ബാധിച്ചെന്ന് സംശയം.കടമ്പനാട് സ്വദേശിനി അവന്തികയാണ് ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വയറിളക്കവും ഛര്‍ദ്ദിയുമായി അടൂര്‍ ജനറര്‍ ആശുപത്രിയിൽ എത്തിച്ച അവന്തികയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ മരണ കാരണം ഷിഗല്ലയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. കുട്ടിയുടെ സംസ്‌കാരം കഴിഞ്ഞു.ഷിഗല്ലയെന്ന സംശയത്തില്‍ ആരോഗ്യ വിഭാഗം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. സമീപത്തെ കിണറുകളില്‍ നിന്നും വെള്ളം ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധനകള്‍ക്ക് ശേഷം വ്യക്തത വരുമെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചിരിക്കുന്നത് .