ബഹിരാകാശത്ത്നിന്ന് ഭൂമിയിലേക്ക് ലേസര്‍ സിഗ്നൽ..വെളിപ്പെടുത്തലുമായി നാസ….
ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് നിഗൂഢമായ ലേസർ സിഗ്നൽ ലഭിച്ചതായി വെളിപ്പെടുത്തി നാസ . 140 ദശലക്ഷം മൈല്‍ ദൂരത്തുനിന്നുള്ള സിഗ്നലാണ് ഭൂമിയില്‍ പതിച്ചത്. ഇതിന് പിന്നിലെ നിഗൂഢതയും നാസ തന്നെ നീക്കുന്നുണ്ട്.നാസയുടെ പുതിയ ബഹിരാകാശ പേടകമായ ‘സൈക്കി’ൽ നിന്നാണ് ഏകദേശം 140 ദശലക്ഷം മൈൽ അകലെ നിന്ന് ഉത്ഭവിച്ച സിഗ്നൽ ഭൂമിയിലെത്തിയത്. 2023 ഒക്ടോബറിലായിരുന്നു ഛിന്നഗ്രഹമായ സൈക്ക് -16ലേക്ക് നാസ പേടകം അയച്ചത്. സൗരയൂഥത്തിലെ അപൂർവമായ ലോഹം കൊണ്ടാണ് ഛിന്നഗ്രഹം നിർമിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള വലയത്തിലാണ് ഈ ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്.
ലേസര്‍ കമ്മ്യൂണിക്കേഷന്‍ പരീക്ഷിക്കുക എന്ന ദൗത്യം കൂടി ഈ ബഹിരാകാശ ദൗത്യത്തിന് പിന്നിലുണ്ടായിരുന്നു.ഡീപ്പ് സ്പേസ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍സ് (ഡിഎസ്ഒസി) അടക്കമുള്ള സാങ്കേതിക വിദ്യകള്‍ സൈക്കിലുണ്ട്. ബഹിരാകാശത്തെ വലിയ ദൂരങ്ങളില്‍ ലേസര്‍ ആശയവിനിമയം വേഗത്തില്‍ സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സാങ്കേതിക വിദ്യ. പ്രാഥമികമായി റേഡിയോ ഫ്രീക്വന്‍സി ആശയവിനിമയമാണ് സൈക്ക് ഉപയോഗിക്കുന്നതെങ്കിലും ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷനിലും ഇവ കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിൻ്റെ 1.5 മടങ്ങ് ദൂരത്തിൽ നിന്നാണ് ലേസർ രശ്മികൾ ഭൂമിയിലേക്കയച്ചത്.കൂടാതെ ഡിഎസ്ഒസിയിലൂടെ ബഹിരാകാശ പേടകത്തില്‍ നിന്ന് ഭൂമിയിലേക്ക് നേരിട്ട് വിവരങ്ങളും എഞ്ചിനീയറിങ് ഡാറ്റയും കൈമാറാന്‍ സാധിച്ചെന്ന് നാസ അറിയിച്ചു.