തെന്നല ബാലകൃഷ്ണപിള്ളയ്ക്കും ഡോ.ജിതേഷ്ജിയ്ക്കും എം.പി ഫൗണ്ടേഷൻ പുരസ്ക്കാരങ്ങൾ

മാവേലിക്കര: സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ എം.പി കൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള എം.പിഫൗണ്ടേഷന്റെ എം.പി.കൃഷ്ണപിള്ള കർമ്മധീര പുരസ്കാരം മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്കും കെ.പി പരമേശ്വരക്കുറുപ്പ് സ്മൃതി പ്രതിഭാപുരസ്കാരം അതിവേഗചിത്രകാരനും എക്കോ ഫിലോസഫറുമായ ഡോ.ജിതേഷ്ജിയ്ക്കും ലഭിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പുരസ്‌ക്കാരങ്ങൾ.എം പി കൃഷ്ണപിള്ളയുടെ 50ാം ചരമവാർഷികദിനമായ 4ന് വൈകിട്ട് 4ന് കായംകുളം കൊയ്പ്പള്ളികാരാണ്മ എം.പി കൃഷ്ണപിള്ള നഗറിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് മുൻ ലോക്സഭാംഗവും സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ടി.ജെ ആഞ്ചലോസ് സമ്മാനിക്കും. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുധാകരക്കുറുപ്പ് അദ്ധ്യക്ഷനാവും. ആലപ്പി കോപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി.സന്തോഷ്, ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ലാലി ആർ.പിള്ളയുടെ ഗാനാർച്ചനയും നടക്കുമെന്ന് എം.പി ഫൗണ്ടേഷൻ ചെയർമാനും കായംകുളം എം.എസ്.എം കോളേജ് മുൻ വൈസ് പ്രിൻസിപ്പലുമായ പ്രൊഫ.കെ.പി ശ്രീകുമാർ അറിയിച്ചു.

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, മുൻ മന്ത്രി ജി.സുധാകരൻ, മുൻ എം.എൽ.എ പി.കെ ചന്ദ്രാനന്ദൻ, ചെറുകോൽപ്പുഴ ഹിന്ദു മതമഹാമണ്ഡലം പ്രസിഡന്റ് പി.എസ് നായർ, കൃഷിമന്ത്രി പി.പ്രസാദ് തുടങ്ങിയവരാണ് മുൻവർഷങ്ങളിലെ പുരസ്‌ക്കാര ജേതാക്കൾ.

\

Related Articles

Back to top button