രാജസ്ഥാൻ സിൽക്ക് സാരി വാഗ്ദാനം നൽകി കബളിപ്പിച്ചു…ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്…

കൊച്ചി: ഗുണനിലവാരമുള്ള രാജസ്ഥാൻ സാരി നൽകാമെന്ന് വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. രാജസ്ഥാനിലെ ജയ്‌സാൽമർ രാജകുമാരന്റെയും ബികാനർ രാജകുമാരിയുടെയും പ്രണയകഥ ആലേഖനം ചെയ്ത സാരിയാണ് പരാതിക്കാരി ഓർഡർ നൽകിയത്. എന്നാൽ ലഭിച്ചത് ഗുണമേന്മ കുറഞ്ഞതും പഴയതും പൊടി പിടിച്ചതുമായ മറ്റൊരു ഡിസൈനുള്ള സാരിയാണ്.
ഉൽപ്പന്നം മാറ്റി നൽകാൻ പലതവണ വ്യാപാരിയെ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് എറണാകുളം കലൂർ സ്വദേശിനിയായ റിനു അശ്വിൻ എന്ന ഉപഭോക്താവ് രാജസ്ഥാൻ ഹാൻഡ്‌ലൂം ആൻഡ് ഹാൻഡ് ക്രാഫ്റ്റ് എന്ന സ്ഥാപനത്തിനെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

വ്യാപാരിയുടെ നടപടി സേവനത്തിലെ വീഴ്ചയും അധാർമിക വ്യാപാര രീതിയും ആണെന്ന് കമ്മീഷൻ പ്രസിഡന്റ് ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് കണ്ടെത്തി. സാരിയുടെ വിലയായ 6350 രൂപ തിരികെ നൽകുന്നതിനും നഷ്ടപരിഹാരമായി 28,000 രൂപയും 45 ദിവസത്തിനകം പരാതിക്കാർക്ക് നൽകാനും എതിർകക്ഷികളായ രാജസ്ഥാൻ ഹാൻഡ്‌ലൂം ആൻഡ് ഹാൻഡ് ക്രാഫ്റ്റ് എന്ന സ്ഥാപനത്തിന് കോടതി ഉത്തരവ് നൽകി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ഗോപിക എച്. എച് കോടതിയിൽ ഹാജരായി.

Related Articles

Back to top button