സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല..പ്രതിസന്ധിക്ക് മറ്റു വഴികൾ തേടണമെന്ന് സർക്കാർ….
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലെന്ന് സർക്കാർ .വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികൾ തേടാന്‍ സര്‍ക്കാര്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്ഇബി യോഗത്തിലാണ് തീരുമാനമായത്. നിലവിൽ ലോഡ് ഷെഡിംഗ് സാഹചര്യമില്ല. ചില ഇടങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തും. അത് കെഎസ്ഇബി ചർച്ച ചെയ്ത് തീരുമാനിക്കും. വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതുസംബന്ധിച്ച നിർദേശങ്ങൾ അറിയിക്കാനും കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതെ തരമില്ല എന്ന് യോഗത്തില്‍ കെഎസ്ഇബി ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാനാണ് സർക്കാരിന്റെ നിര്‍ദേശം. കെഎസ്ഇബി ഉദ്യോഗസ്ഥരുമായിട്ടുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വൈദ്യുതി മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കും. മറ്റു മാര്‍ഗങ്ങള്‍ എന്തെല്ലാം എന്നു ചര്‍ച്ച ചെയ്യാനായി കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. ഇതിനു ശേഷമാകും വൈദ്യുതി പ്രതിസന്ധിയില്‍ അന്തിമ തീരുമാനമുണ്ടാകുക.