50 ലക്ഷം രൂപ അനുവദിച്ചിട്ട് ഒന്നര വർഷം… റോഡ് തകർന്നു തരിപ്പണമായിട്ടും പണി തുടങ്ങിയില്ല…
50 ലക്ഷം രൂപ അനുവദിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി തുടങ്ങാത്ത ഒരു റോഡ് ഇടുക്കിയിലുണ്ട്. ചിന്നാർ നാലാംമൈൽ കൊച്ചുകരിന്തരുവി റോഡിനാണ് ഈ ദുർഗതി. തകർന്നു തരിപ്പണമായതിനാൽ വർഷങ്ങളായി ഇതുവഴിയുള്ള യാത്ര നടുവൊടിക്കുന്നതാണ്.കുട്ടിക്കാനം – പുളിയൻമല മലയോര ഹൈവേയിലെ ചിന്നാർ നാലാം മൈലിൽ നിന്നും വാഗമൺ മൊട്ടക്കുന്നിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാണിത്. വിനോദ സഞ്ചാരികളുടെ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങൾ ഇതുവഴി യാത്ര ചെയ്തിരുന്നതാണ്. വർഷങ്ങൾക്കു മുമ്പ് റോഡ് പൂർണമായും തകർന്നതോടെ ഇതുവഴി സഞ്ചാരികൾ വരാതെയായി. ലക്ഷം വീട് കോളനിയിലടക്കം 500 ലധികം കുടുംബങ്ങൾ നിത്യേന ഉപയോഗിക്കുന്ന റോഡുമാണിത്. കൈതപ്പതാൻ ഗവ. എൽ പി സ്കൂളിൽ കുട്ടികൾ എത്തേണ്ടതും ഇതുവഴിയാണ്.