മലപ്പുറത്തെ ന്യൂജെൻ കള്ളനെ ഒടുവിൽ പൊലീസ് പൊക്കി….കറക്കം ആഡംബര കാറിൽ…
അന്തർജില്ലാ മോഷ്ടാവ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോർ(ജിമ്മൻ കിച്ചു-25) പിടിയിൽ. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് സംഘം കീഴ്പ്പെടുത്തിയത്. പരപ്പനങ്ങാടിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പകളിലും കവർച്ച നടത്തിവരികയായിരുന്നു ജിമ്മൻ കിച്ചുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പതിവായിരുന്നു. ഇതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. 200ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.