ഹരിപ്പാട് സി.പി.എം – ബി.ജെ.പി സംഘർഷം…

ഹരിപ്പാട്: കുമാരപുരത്ത് സി.പി.എം- ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. രാത്രി 8 മണിയോടെയാണ് സംഭവങ്ങൾ തുടങ്ങിയത്. തിരഞ്ഞെടുപ്പ് പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. രണ്ട് വീടുകളും രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും തകർത്തു.


തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവിടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് രാത്രി 8 മണിയോടെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ശ്യാം അശോകിന് നേരെ ആക്രമണം ഉണ്ടായി. ഇയാൾ ഓടിരക്ഷപ്പെട്ടു. ഇതിന്‌ പിന്നാലെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജിസുരേഷിനെ വീട്ടിൽ കയറി മർദ്ദിച്ചു. ഇവരുടെ ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ തകർത്തു. രാജിയെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് രാത്രി പത്തരയോടെ ഡി.വൈ.എഫ്.ഐ മുൻ ഏരിയ കമ്മിറ്റിയംഗം കൃഷ്ണലാൽ, മേഖലാ പ്രസിഡന്റ് നിധീഷ് കുട്ടൻ എന്നിവർക്ക് നേരെ ആക്രമണം ഉണ്ടായി. കൃഷ്ണലാലിന്റെ കൈക്കും നിധീഷ്‌കുട്ടന്റെ പുറത്തും ആണ് പരിക്ക്. പിന്നാലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉഷ പുരുഷുവിന്റെയും ശ്യാം അശോകിന്റെയും വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. ശ്യാമിന്റെ അമ്മ ശ്യാമളയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരുടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് തല്ലിത്തകർത്തു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.

Related Articles

Back to top button