ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ തകർക്കുന്നത് ഭരണകർത്താക്കൾ..ആരോപണവുമായി കോൺഗ്രസ്….

അമ്പലപ്പുഴ: വണ്ടാനത്ത് സ്ഥിതിചെയ്യുന്ന ആലപ്പുഴ ടി. ഡി. മെഡിക്കൽ കോളേജ് ആശുപത്രിയെ തകർക്കുന്നത് കഴിവുകെട്ട ഭരണകർത്താക്കളും, ജനപ്രതിനിധികളും ആണെന്ന് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. വണ്ടാനത്തെ ആശുപത്രി കോമ്പൗണ്ടിന് വളരെയധികം സ്ഥലസൗകര്യങ്ങളും കെട്ടിട സമുച്ചയങ്ങളുമുണ്ടായിട്ടും ഇവ കൃത്യമായും ജനോപകാരപ്രദമായും ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾക്ക് കഴിയുന്നില്ലെന്നും കമ്മിറ്റി പറഞ്ഞു .

ഓരോ ഡിപ്പാർന്റുകളുടെയും പോരായ്മകൾ മനസ്സിലാക്കുവാനും ഇവ പരിഹരിക്കുന്നതിനും സർക്കാർ വേണ്ടത്ര ജാഗ്രത കാണിക്കാത്തതും ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾ സെറ്റിൽമെന്റ് രാഷ്ട്രീയത്തിന് വഴിപ്പെടുന്നതുമാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ തകർച്ചയ്ക്ക് കാരണമാകുന്നതെന്നും കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് ടി. എ. ഹാമിദ് ആരോപിച്ചു.ഡോക്ടർമാരുടെയും മറ്റ് പരിചയസമ്പന്നരായ ജീവനക്കാരുടെയും ഒഴിവുകൾ നികത്താതെ,ഭരണ പാർട്ടിക്ക് താല്പര്യമുള്ളവരെ താൽക്കാലിക ജീവനക്കാരായി കുത്തി നിറച്ചും, ലാബ് സംവിധാനങ്ങളും ഫാർമസിയും അടക്കം ശക്തിപ്പെടുത്താതെ സി.പി.എം നേതൃത്വം നൽകുന്ന “ചേതന” എന്ന ലാബിനു വേണ്ടിയും പ്രൈവറ്റ് ആശുപത്രികൾക്കും മറ്റ് മെഡിക്കൽ സ്റ്റോറുകൾക്കുവേണ്ടിയുമാണ് സർക്കാർ വിലാസം സംഘടനകളും ബന്ധപ്പെട്ട ജനപ്രതിനിധികളും വണ്ടാനത്ത് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.

ചികിത്സാപിഴവ് മൂലവും മരുന്നു കിട്ടാതെയും രോഗികൾ മരണപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരുത്തരവാദിത്തപരമായ സമീപനം സാധാരണപ്പെട്ട ജനങ്ങളോടുള്ള അവരുടെ നയമാണ് തെളിയിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയും അധികാരികളും വാർത്തയിൽ ഇടം പിടിക്കുവാനുള്ള ഉപാധിയായി മാത്രം ആരോഗ്യരംഗത്തെ കാണാതെ പൊതുജനങ്ങളുടെ പ്രയാസം അകറ്റാൻ നിലകൊള്ളണമെന്നും അല്ലാത്തപക്ഷം കോൺഗ്രസ് ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. എ. ഹാമിദ് പറഞ്ഞു.പുറക്കാട് കരൂർ സ്വദേശിയായ അൻസറിന്റെ ഭാര്യ മരണപ്പെട്ട സംഭവത്തിൽ സത്യസന്ധമായും നീതിപൂർവ്വവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles

Back to top button