നല്ലവനായ ഉണ്ണി ചമയുകയാണ് ഷാഫിയെന്ന് പി ജയരാജന്‍….

കൊച്ചി: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍. സകല ദുഷിച്ച പ്രവര്‍ത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രനാണെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എന്ന് പി ജയരാജന്‍ വിമര്‍ശിച്ചു. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ ‘നല്ലവനായ ഉണ്ണി’ യെപ്പോലെയാണ് ഷാഫി പറമ്പില്‍ എന്നും പി ജയരാജന്‍ പരിഹസിച്ചു.
മതത്തിന്റെ പ്ലസ് വേണ്ടെന്നും വര്‍ഗ്ഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുമാണ് ഇപ്പൊ ടിയാന്‍ പറയുന്നത്. പോളിംഗ് തീരുന്ന സമയം വരെ എന്തുകൊണ്ടാ ഈ മാന്യന്‍ ഇതൊന്നും പറയാതിരുന്നതെന്നും പി ജയരാജന്‍ ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം.

‘ശൈലജ ടീച്ചര്‍ ഇസ്ലാമിനെതിരെ പ്രസംഗിച്ചു എന്നും പറഞ്ഞു യുഡിഎഫുകാര്‍ ഇറക്കിയ വ്യാജ വീഡിയോയെ ഇലക്ഷന്‍ തീരുന്നത് വരെ എവിടെയെങ്കിലും ഈ മാന്യദേഹം തള്ളി പറഞ്ഞുവോ?ഒരു നാടിനെയാകെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോള്‍ മോങ്ങിയിട്ട് കാര്യമില്ല മിസ്റ്റര്‍ ഷാഫി.തെരഞ്ഞെടുപ്പ് വരും പോകും.ജയിക്കും തോല്‍ക്കും.പക്ഷെ ഒരു നാട്ടില്‍ ഇത്തരം വിഷലിപ്തമായ പ്രചാരണം നടത്തരുത്.ഇന്നലെ മുളച്ചുപൊന്തിയ ബുദ്ധിയില്ലാത്ത മാങ്കൂട്ടങ്ങള്‍ക്ക് നാടിനെ സംരക്ഷിക്കണമെന്നോ മാന്യമായി രാഷ്ട്രീയം പറയണമെന്നോ ഉണ്ടാവില്ല. മൂന്ന് തവണ എംഎല്‍എ ആയിരുന്ന ഷാഫിക്കെങ്കിലും ഈ ചിന്ത വേണമായിരുന്നു.’ എന്നും പി ജയരാജന്‍ വിമര്‍ശിച്ചു.

Back to top button