ഭർത്താവിനെ കൊലപ്പെടുത്തിയത് താനെന്ന് ഭാര്യ
യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. വണ്ടൻമേട് പുതുവലിൽ രഞ്ജിത്ത് എന്നയാളുടെ മരണമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇയാളുടെ ഭാര്യ ലക്ഷ്മിയാണ് കൊല നടത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമായതോടെ അയൽക്കാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവരുന്നതിനിടെയാണ് ഭാര്യ കൊലപാതകം നടത്തിയെന്ന വിവരം സമ്മതിച്ച് രംഗത്തെത്തിയത്.ഫെബ്രുവരി ആറാം തീയതി രാത്രി പത്തു മണിയോടെയാണ് രഞ്ജിത്തിനെ വീട്ടിന്‍റെ മുൻവശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തെക്കുറിച്ച് പ്രതി പറയുന്നത് ഇങ്ങനെ- ഭർത്താവ് രഞ്ജിത് ഭാര്യയെയും സ്വന്തം അമ്മയേയും മദ്യപിച്ച് എത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. കൃത്യം നടന്ന ദിവസം അമിതമായി മദ്യപിച്ച് വന്ന രഞ്ജിത് ഭാര്യയോട് വഴക്കുണ്ടാക്കിയപ്പോൾ തടസ്സം പിടിച്ച സ്വന്തം അമ്മയെ കൈയിൽ പിടിച്ച് വലിച്ച് ഇവൾ ഇല്ലെങ്കിൽ നീ എന്റെ കൂടെ വന്ന് കിടക്കെടി എന്ന് പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ലക്ഷ്മി ഭർത്താവ് രഞ്ജിത്തിനെ ശക്തിയായി പിടിച്ച് പുറകോട്ട് തള്ളി. തള്ളലിനെത്തുടർന്ന് മദ്യലഹരിയിലായിരുന്ന രഞ്ജിത് പിന്നിലെ കൽഭിത്തിയിൽ തലയിടിച്ച് വിഴുകയും ചെയ്തു. എന്നാൽ രഞ്ജിത്ത് എഴുന്നേറ്റിരുന്നതോടെ ഭാര്യ വീണ്ടും തലയിൽ കാപ്പി വടിക്ക് പലപ്രാവശ്യം അടിക്കുകയും അടിയേറ്റ് നിലത്ത് കമിഴ്ന്ന് വീണ ഭർത്താവിന്റെ കഴുത്തിൽ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി കുറ്റ സമ്മതം നടത്തി.അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിസരവാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുറ്റം സമ്മതിച്ച് രഞ്ജിത്തിന്‍റെ ഭാര്യ രംഗത്തെത്തിയത്. പ്രാഥമിക ഘട്ടത്തിൽ തന്നെ മരണത്തിൽ സംശയം തോന്നിയതിനാൽ ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമിയുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോൻറെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിച്ചുവരികയായിരുന്നു. വണ്ടൻമേട് സി.ഐ വി.എസ് നവാസ്, എസ്.ഐ.മാരായ എബി, സജിമോൻ ജോസഫ്, എ.എസ്.ഐ മഹേഷ്, സി.പി.ഒ ടോണി, അനീഷ്, രേവതി എന്നിവരടങ്ങിയ സംഘമാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.