കൊട്ടിക്കലാശത്തില്‍ ആവേശം അതിരുവിട്ടു പലയിടത്തും വൻ സംഘര്‍ഷം…
തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചരണം. കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുശേഷം മറ്റന്നാള്‍ ആണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക.
കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സിആര്‍ മഹേഷ് എംഎല്‍എക്ക് പരിക്കേറ്റു. സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര് വാതകം പ്രയോഗിച്ചു. സിആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എം.എല്‍എക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്.