ഭാര്യയുടെ ഉപദ്രവം സഹിക്കാനാകാതെ ആത്മഹത്യക്കൊരുങ്ങി യുവാവ്…
സുഖത്തിലും ദുഃഖത്തിലും പങ്കാളികളാകാനാണ് വിവാഹം കഴിക്കുന്നത് എന്നാണ് പറയാറ്. എന്നാൽ, ചിലർക്ക് വിവാഹജീവിതം നരകതുല്ല്യമായി മാറാറുണ്ട്. അതിന് പലതരം കാരണങ്ങളും കാണും. ചിലരൊക്കെ വിവാഹമോചിതരാവും, ചിലർ ആ ജീവിതത്തിൽ തന്നെ തുടരും. എന്തായാലും, ഹൈദ്രാബാദിലെ കൊമ്പള്ളിയിലുള്ള ഒരു യുവാവ് പറയുന്നത് തനിക്ക് ഭാര്യയിൽ നിന്നും എത്രയും വേഗം വിവാഹമോചനം വേണം ഇല്ലെങ്കിൽ താൻ ആത്മഹത്യ ചെയ്തുകളയും എന്നാണ്. കഴിഞ്ഞ ദിവസം ഇക്കാര്യവും പറഞ്ഞ് യുവാവ് ആത്മഹത്യാശ്രമവും നടത്തി. എന്തായാലും നാട്ടുകാർ തക്ക സമയത്ത് ഇടപെട്ടതിനെ തുടർന്ന് യുവാവിനെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം നാഗേഷ് എന്ന യുവാവാണ് പ്രദേശത്തെ ജയഭേരി പാർക്ക് തടാകത്തിൽ ചാടി മരിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഈ ശ്രമം സമീപത്തുണ്ടായിരുന്ന ആളുകൾ തടയുകയായിരുന്നു. നാട്ടുകാരുടെ ഏറെ നേരത്തെ സംസാരത്തിന് ശേഷം യുവാവ് തടാകത്തിൽ നിന്നും മുകളിലേക്ക് കയറി വരാൻ സമ്മതിക്കുകയായിരുന്നു.