മരിച്ച ഷീബയും കുടുംബവും ബാങ്കിൽ നിന്നു വായ്പ എടുത്തിരുന്നില്ലെന്ന് ബാങ്ക്…
നെടുങ്കണ്ടം ആത്മഹത്യയിൽ കുടുതൽ വിവരങ്ങൾ പുറത്ത്. ഷീബ താമസിച്ചിരുന്നത് അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത വീട്ടിലായിരുന്നില്ല. സ്വദേശിനിയായ സ്ത്രീയിൽ നിന്ന് അഞ്ചു വർഷം മുൻപാണ് ഷീബയും കുടുംബവും വീടും സ്ഥലവും വാങ്ങിയതെന്നും ബാങ്ക് ബാധ്യതയായ 15 ലക്ഷം രൂപ ഏറ്റെടുത്ത ശേഷം ബാക്കി പണം മുഴുവൻ നൽകിയാണ് കൈമാറ്റം നടത്തിയതെന്നുമാണ് വിവരം. എന്നാൽ നിയമപരമായി വസ്തു കൈമാറിയതായി രജിസ്റ്റർ ചെയ്തിട്ടില്ല. ബാങ്ക് വായ്പ നിലനിൽക്കുന്നതിനാൽ ആധാരം എഴുതാതെ കരാർ മാത്രമാണ് ഉണ്ടാക്കിയത്. ഇതിനിടെയാണ് ബാങ്ക് ജപ്തിക്ക് എത്തിയത്.
മരിച്ച ഷീബയും കുടുംബവും ബാങ്കിൽ നിന്നു വായ്പ എടുത്തിരുന്നില്ലെന്ന് വ്യക്തമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതരും രംഗത്ത് വന്നു. വീടിന്റെ മുൻ ഉടമ നെടുങ്കണ്ടം ബ്രാഞ്ചിൽ നിന്ന് 2015 സെപ്റ്റംബറിൽ വായ്പ എടുത്തതായും തുടർന്ന് 2018 മാർച്ചിൽ ഇത് നിഷ്‌ക്രിയ ആസ്തി ആയി മാറുകയും ചെയ്തിരുന്നു. തുടർന്ന് 2018 ജൂണിൽ വായ്പയുടെ തിരിച്ചെടുക്കൽ നടപടികൾ ആരംഭിച്ചിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് 2023 മാർച്ചിൽ നിയമിച്ച അഡ്വക്കറ്റ് കമ്മിഷൻ, കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിനിടെയാണ് ദൗർഭാഗ്യകരമായ സംഭവം നടന്നതെന്ന് ബാങ്ക് പറയുന്നു.
വായ്പത്തുകയിൽ ബാക്കി തുക അടച്ചുതീർത്ത ശേഷം വസ്തു തീറെഴുതും എന്നായിരുന്നു വീട്ടുമയുമായി ഷീബയും കുടുംബവും ഉണ്ടാക്കിയ കരാർ. കോവിഡും തുടർന്നുണ്ടായ പ്രളയവും വ്യാപാരിയായിരുന്ന ദിലീപിന്റെയും കുടുംബത്തേയും തളർത്തി. ഇതോടെ കണക്കു കൂട്ടൽ എല്ലാം തെറ്റി. ഹൃദ്രോഗി കൂടിയായ ദിലീപ് ഏറെ നാളുകളായി ചികിത്സയിലാണ്. പൊതുപ്രവർത്തന രംഗത്തും സാമുദായിക പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്നു ഷീബ.
ജപ്തി നടപടികൾ നിർത്തി വയ്ക്കണമെന്നും ബാധ്യത തീർക്കാൻ സാവകാശം വേണമെന്നും കാട്ടി പൊതുപ്രവർത്തകരും വിഷയത്തിൽ ഇടപെട്ടിരുന്നു. 2015ൽ എടുത്ത വായ്പയിൽ, പലിശയും കൂട്ടുപലിശയുമടക്കം 60 ലക്ഷത്തിലധികം രൂപ ബാങ്കിൽ ബാധ്യതയുള്ളതായാണ് വിവരം. ഈ വാദം ശരിയെങ്കിൽ 15 ലക്ഷത്തിൽ എടുത്ത വായ്പയ്ക്ക് ഇപ്പോൾ അതിന്റെ എത്രയോ ഇരട്ടി തിരിച്ചടയ്ക്കണം. ഇതാണ് ഷീബയേയും കുടുംബത്തേയും പ്രതിസന്ധിയിലാക്കിയത്.
കോടതിവിധിയുടെ അടിസ്ഥാനത്തിൽ 19 ന് ഉച്ചയ്ക്ക് രണ്ടരയോടെ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ പൊലീസിന്റെ സാന്നിധ്യത്തിൽ ഷീബയുടെ വീട്ടിൽ ജപ്തി നടപടിക്കെത്തിയിരുന്നു. നടപടിക്രമങ്ങൾ നടക്കുന്നതിടെ ഷീബ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ: ബിനോയി ഏബ്രഹാം(52), വനിതാ സിവിൽ പൊലീസ് ഓഫീസർ ടി. അമ്പിളി(35) എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവർ ചികിത്സയിലാണ്.
70 ശതമാനം പൊള്ളലേറ്റ ഷീബയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രി, കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരതരമായതിനാൽ കോട്ടയത്തേക്കു മാറ്റുകയായിരുന്നു. ഷീബയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ജപ്തി നടപടി നടന്ന വീട്ടുവളപ്പിൽതന്നെ വൈകിട്ടോടെ സംസ്‌കാരം നടക്കും. മക്കൾ: നിതില, അഭിജിത്ത്. മരുമകൻ: രാഹുൽ.