അഞ്ച് ലക്ഷം അധിനിവേശ മൂങ്ങകളെ 2050 ഓടെ വെടിവച്ച് കൊല്ലാൻ അമേരിക്ക….
അധിനിവേശ ജീവികളുടെ ആധിപത്യത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യങ്ങളിൽ ഒരുപക്ഷേ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ചീങ്കണ്ണിയും പെരുമ്പാമ്പും മുതൽ മൂങ്ങകൾ വരെ ഇവിടെ അതിഥികളായി എത്തി ആധിപത്യം സ്ഥാപിച്ചവരാണ്. ഇപ്പോഴിതാ കടന്നുകയറിയ മൂങ്ങകളുടെ അനിയന്ത്രിതമായ വർദ്ധനവിനെ തുടർന്ന് 5 ലക്ഷത്തോളം മൂങ്ങകളെ അടുത്ത 30 വർഷത്തിനുള്ളിൽ വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കൻ ഗവൺമെന്റ്. ഏതാണ്ട് പതിനെട്ട് തരം മൂങ്ങകള്‍ യുണേറ്റഡ് സ്റ്റേറ്റ്സില്‍ ഉണ്ട്. അമേരിക്കയുടെ തെക്ക് പടിഞ്ഞാറൻ തീരത്തുള്ള മൂന്ന് സംസ്ഥാനങ്ങളാണ് അധിനിവേശ മൂങ്ങകളുടെ അനിയന്ത്രിതമായ വർദ്ധനവിനെ തുടർന്ന് ഇപ്പോൾ ദുരിതത്തിൽ ആയിരിക്കുന്നത്. പ്രാദേശിക മൂങ്ങ വർഗ്ഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധിനിവേശ മുങ്ങകളെ കൊല്ലാനുള്ള പദ്ധതി അമേരിക്കൻ വന്യജീവി വിഭാഗം നിർദ്ദേശിച്ചിരിക്കുന്നത്. ബാർഡ് ഔൾസ് (Barred Owl) എന്ന പേരിൽ അറിയപ്പെടുന്ന അധിനിവേശ പക്ഷികളെയാണ് മൂന്ന് പതിറ്റാണ്ട് കൊണ്ട് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തുന്നത്. എന്നാൽ ഈ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരുടെയും മൃഗസംരക്ഷണ പ്രവർത്തകരുടെയും ഭാഗത്ത് നിന്നും എതിർപ്പുകൾ ഉയർന്നു കഴിഞ്ഞു.