പാലായുടെ മാണി സാർ ഓർമ്മയായിട്ട് ഇന്ന് അഞ്ച് വർഷം…

കോട്ടയം: കേരള കോൺഗ്രസിന്റെ അമരക്കാരനും കേരള രാഷ്ട്രീയത്തിന്‍റെ മർമ്മമറിഞ്ഞ നേതാവും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ വിയോഗത്തിന് ഇന്ന് അഞ്ച് വർഷം. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവും മുന്നണി രാഷ്ട്രീയത്തിലെ അവസാന വാക്കുമായിരുന്ന കെഎം മാണി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് വിടവാങ്ങിയത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കുമ്പോഴാണ് കെ എം മാണിയുടെ വിടവാങ്ങൽ. അന്ന് കേരളകോൺഗ്രസ് യുഡിഎഫിൽ ആയിരുന്നു. പിണക്കം മാറി കേരളകോൺഗ്രസ് മുന്നണിയിലേക്ക് വീണ്ടും തിരിച്ചെത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ്. മാണിയുടെ വിയാഗത്തിൽ പ്രചാരണം നിർത്തി എല്ലാവരും വിലാപയാത്രയുടെ ഭാഗമായി. കോട്ടയത്ത് തെരഞ്ഞെടുപ്പ് ചർച്ച തന്നെ പിന്നീട് മാണിയിലേക്ക് കേന്ദ്രീകരിച്ചു. വോട്ടെടുപ്പിൽ കോട്ടയം മണ്ഡലം മാണിയോട് സ്നേഹം കാണിച്ചു. കേരള കോൺഗ്രസിന്റെ വള‍ർച്ചയിലും തളർച്ചയിലും പിളർപ്പിലും ഒരു വശത്ത് കെ എം മാണിയുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ മത്സരിക്കാൻ പി ജെ ജോസഫ് താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മാണി അത് വിട്ട് കൊടുത്തില്ല. രാജ്യസഭയിലേക്ക് പോയ ജോസ് കെ മാണിക്ക് പകരം തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കി. വീണ്ടുമൊരു തെരഞ്ഞെടുപ്പ് എത്തുമ്പോൾ കെ എം മാണിയുടെ മകൻ ജോസ് കെ മാണി ആണ് കേരളകോൺഗ്രസ് പാർട്ടിയുടെ അമരത്ത്. മാണിയുടെ മരണത്തിന് ശേഷം കേരള കോൺഗ്രസ് വീണ്ടും പിളർന്നു. മാണി വിടവാങ്ങി അഞ്ച് വർഷത്തിന് ശേഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളകോൺഗ്രസ് എം എൽഡിഎഫിലെത്തി. മാണിയില്ലാത്ത പാലാ കരിങ്ങോഴയ്ക്കൽ തറവാട് ഇടതുമുന്നണിയുടെ പ്രധാന ആലോചനാകേന്ദ്രമാണിന്ന്. മാണിക്ക് ശേഷവും പാർട്ടി വളരുകയും പിളരുകയും ചെയ്യുന്നു. 1965 മുതല്‍ 13 തവണയാണ് പാലായിൽ നിന്നും കെഎം മാണി നിയമസഭയിലെത്തിയത്. അതും ഒരു തവണ പോലും പരാജയപ്പെടാതെ. 1965 മുതൽ 2019ൽ മരിക്കുന്നത് വരെ ഒരു മണ്ഡലത്തിന്റെ എംഎൽഎയായ അദ്ദേഹത്തിന് കിട്ടയത് പോലൊരു സ്നേഹവും പിന്തുണയും മറ്റൊരു നേതാവിനും പാലാ നൽകിയിട്ടില്ല. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ നിരവധി റെക്കോഡ‍ുകളാണ് കേരള രാഷ്ട്രീയത്തിൽ കെഎം മാണിയുടെ പേരിനൊപ്പമുള്ളത്. നിയസഭയിലെ പല റെക്കോ‍ഡുകൾക്കും ഉടമയായ കെ എം മാണിക്ക് മുൻപും പിൻപും എന്ന് കേരളകോൺഗ്രസിന്റെ ചരിത്രം മാറ്റിയെഴുതപ്പെട്ടു.

Related Articles

Back to top button