ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കാർത്തിക ദർശനം
മാവേലിക്കര- ചെട്ടികുളങ്ങര ഭഗവതിയെ സർവാഭരണ വിഭൂഷിതയായി കണ്ടുതൊഴാൻ കാർത്തിക ദർശനം. ചെട്ടികുളങ്ങര ഭഗവതി അമ്മയായ കൊടുങ്ങല്ലൂർ ഭഗവതിയുടെ അടുക്കൽ നിന്ന് എത്തുന്ന മീനത്തിലെ കാർത്തിക നാളായ 11ന് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറു മണി വരെയാണിത്. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ 10ന് വൈകിട്ട് 5ന് ആചാരപ്രകാരം ചെട്ടികുളങ്ങരയിലേക്ക് കൊണ്ടുവരും.
രാജഭരണകാലത്ത് നടയ്ക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള അത്യപൂർവ തങ്കതിരുവാഭരണങ്ങളാണ് സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുന്നത്. ഇവ ചാർത്തിയുള്ള ദേവീദർശനം ഭക്തർക്ക് അത്യപൂർവ കാഴ്ചയാണ്. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷന്റെ അഭ്യർഥന പ്രകാരം ഏതാനും വർഷങ്ങൾക്ക് മുമ്പാണ് തിരുവാഭരണങ്ങൾ ഹരിപ്പാട്ട് നിന്നും എത്തിക്കാൻ അനുമതി നൽകിയത്.
2024 ഏപ്രിൽ 10ന് വൈകിട്ട് നാല് മണിയോടെ ചെട്ടികുളങ്ങരയിൽ നിന്നും 13 കരകളിൽ നിന്നുള്ള പ്രതിനിധികൾ ഹരിപ്പാടിന് യാത്രതിരിക്കും. 12 ദിവസമായി കഠിന വ്രതത്തോടെ ദേവീ ഭജനം നടത്തുന്നവരാണിത്. ഓരോ കരയിൽ നിന്നും അഞ്ചുവീതം പ്രതിനിധികളാണുള്ളത്. 5 മണിയോടെ ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.അജികുമാറിൽ നിന്ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികളും കരനാഥൻമാരും ചേർന്ന് ഏറ്റുവാങ്ങുന്ന തിരുവാഭരണ പേടകങ്ങളുമായി ചെട്ടികുളങ്ങരയിലേക്ക് യാത്ര തുടങ്ങും. നാലു പേടകങ്ങളിലാണ് തിരുവാഭരണങ്ങൾ സൂക്ഷിക്കുന്നത്. കരക്കാർ ഊഴമിട്ട് പേടകങ്ങൾ തലയിലേന്തും.ഹരിപ്പാട്ടു നിന്നും എഴിക്കകത്ത് ജംഗ്ഷൻ, പ്രതിമുഖം, പള്ളിപ്പാട് പൊയ്യക്കര, ഇരട്ടക്കുളങ്ങര, നടുവട്ടം, തളിക്കൽ വഴി മാവേലിക്കര നങ്ങ്യാർകുളങ്ങര റോഡിലെ പള്ളിപ്പാട് ജംഗ്ഷനിലെത്തിച്ചേരും. തുടർന്ന് മുട്ടം ചൂണ്ടുപലക ജംഗ്ഷൻ, കൊച്ചുവീട്ടിൽ, കരിപ്പുഴ, പുതുശ്ശേരി അമ്പലം എന്നിവിടങ്ങളിലൂടെ തട്ടാരമ്പലത്തിലൂടെ രാത്രി 9 മണിയോടെ ചെട്ടികുളങ്ങര കിഴക്കേ നടയിലെ മണ്ഡപത്തിൽ എത്തിക്കുന്ന തിരുവാഭരണ പേടകങ്ങൾ 11ന് രാവിലെ 7ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികൾ തിരവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിക്കും. ആഭരണങ്ങളെല്ലാം ചാർത്തിയശേഷം രാവിലെ 9 മുതൽ ദർശനം തുടങ്ങും.
കാർത്തിക ദർശനത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ തയ്യാറാക്കുന്ന അന്നദാനം രാവിലെ 11 മുതൽ ഉണ്ടായിരിക്കും.