വെറും പനിയെന്ന് പറഞ്ഞ് തള്ളി കളയരുത്….കൃത്യസമയത്ത് ചികിത്സ തേടണം..ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്.

ആലപ്പുഴ : കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മാരകമാകാന്‍ ഇടയുണ്ടെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറിന്‍റെ മുന്നറിയിപ്പ്. മണ്ണും വെള്ളവുമായി ഇടപെടുന്ന ജോലി ചെയ്യുന്നവരും കന്നുകാലി പരിപാലനത്തില്‍ ഏര്‍പ്പെടുന്നവരും മറ്റും കൈയ്യുറകള്‍, കാലുറകള്‍ എന്നിവ ധരിക്കണം. കൈകാലുകളില്‍ മുറിവ് ഉള്ളപ്പോള്‍ മലിനമായ വെള്ളവും മണ്ണുമായുള്ള സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കണം. ജോലി ചെയ്തതിനുശേഷം വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈകാലുകള്‍ കഴുകുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ ശീലിക്കുക. മലിനമായ മണ്ണും വെള്ളവുമായി സമ്പര്‍ക്കത്തില്‍ ഇടയാകുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലിക്ക് ഇറങ്ങുന്നതിന് 24 മണിക്കൂര്‍ മുമ്പ് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കൃത്യമായി ഇടവേളകളില്‍(ആഴ്ചയില്‍ ഒരിക്കല്‍ 200 മില്ലിഗ്രാം എന്ന നിലയില്‍) ഡോക്‌സി ഗുളിക കഴിക്കുക. കഠിനമായ ക്ഷീണം, പേശി വേദന, തലവേദന, പനി, നടുവ് വേദന തുടങ്ങിയവ എലിപ്പനി രോഗത്തിന്റെ ലക്ഷണങ്ങള്‍ ആകാം ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടുക. കെട്ടിനില്‍ക്കുന്ന മലിനമായ മണ്ണും വെള്ളവുമായി സമ്പര്‍ക്കത്തിലാകാന്‍ ഇടയായ സാഹചര്യങ്ങള്‍ കൂടി ഡോക്ടറോട് പറയേണ്ടതാണ്. സ്വയം ചികിത്സ പാടില്ല വേദനസംഹാരികള്‍ പോലെയുള്ള മരുന്നുകള്‍ ഒരു കാരണവശാലും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ നേരിട്ട് വാങ്ങി കഴിക്കരുത്. ചെറുകുളങ്ങളിലും വെള്ളക്കെട്ടുകളിലും വറ്റിച്ച് മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കുക വേനല്‍ ആയതോടെ കുളം, തോടുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ വെള്ളം വറ്റി തുടങ്ങുന്നതോടെ മീന്‍ പിടിക്കുന്നത് ജില്ലയില്‍ സാധാരണമാണ്. ഒഴുക്കില്ലാത്ത വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനിടയുണ്ട്. ഇത്തരം വെള്ളക്കെട്ടില്‍ ഇറങ്ങുന്നവര്‍ക്ക് എലിപ്പനി പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഉപയോഗശൂന്യമായി കിടക്കുന്ന ജലാശയങ്ങളില്‍ പാഴ്വസ്തുക്കള്‍ കിടക്കാന്‍ ഇടയുണ്ട്. ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ കൈകാലുകളില്‍ മുറിവ് ഉണ്ടാകാനും ഇടയുണ്ട്. ശരീരത്തിലെ മുറിവുകളിലൂടെയും നേര്‍ത്ത തൊലിയിലൂടെയും രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ കടക്കുന്നു. ചെറുകുളങ്ങളിലും വെള്ളക്കെട്ടുകളിലും വറ്റിച്ച് മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍ പ്രവര്‍ത്തിയിലേര്‍പ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുക. കൈകാലുകളില്‍ മുറിവുണ്ടെങ്കില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങരുത്. പേശി വേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത് വെറും പനി എന്നോര്‍ത്ത് സ്വയം ചികിത്സ ചെയ്യരുത്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തി ചികിത്സ തേടുക.

Related Articles

Back to top button