ഒരേ വീടിന്‍റെ ടെറസില്‍ പുലിയും കരടിയും…. പുറത്തിറങ്ങാൻ പേടിച്ച് നാട്ടുകാര്‍.

വനവാസമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യജീവികളുടെ സാന്നിധ്യമുണ്ടാകുന്നത് അപൂര്‍വമല്ല. എന്നാല്‍ വ്യാപകമായി വന്യജീവികള്‍ നാട്ടിലിറങ്ങി വിഹരിക്കുന്നത് തീര്‍ച്ചയായും ആശങ്കാജനകമാണ്. ഇത്തരത്തിലൊരു റിപ്പോര്‍ട്ടും വീ‍ഡിയോയുമാണ് ഇന്ന് ഊട്ടിയില്‍ നിന്ന് വന്നിരിക്കുന്നത്. ഊട്ടിയിലെ യെലനഹള്ളിയിലെ ഒരു റസിഡൻഷ്യല്‍ ഏരിയയില്‍ വീടിന് ടെറസിലായി പുലിയെയും കരടിയെയും അടുത്തടുത്ത സമയങ്ങളിലായി കണ്ടതാണ് സംഭവം. സിസിടിവിയാണ് അപൂര്‍വകാഴ്ച പതിഞ്ഞത്. നിറയെ വീടുകളുള്ള ഇടമാണെന്നത് വീഡിയോയില്‍ വ്യക്തം. ഇതിലൊരു വീടിന്‍റെ ടെറസിലായി ആദ്യം പുലിയെ കാണുന്നു. ഏറെ നേരം ടെറസില്‍ ചുറ്റിക്കറങ്ങിയ ശേഷം പുലി സ്ഥലം വിടുന്നതും വീഡിയോയില്‍ കാണാം. അല്‍പസമയം കൂടി കഴിയുമ്പോള്‍ ഇതേ ടെറസില്‍ കരടിയെ ആണ് കാണുന്നത്. ഇതും ടെറസില്‍ അല്‍പനേരം നിന്ന ശേഷം ഇറങ്ങിപ്പോവുകയാണ്. ഇതേ കരടിയെ പിന്നീട് പ്രദേശത്തെ തോട്ടങ്ങളില്‍ കണ്ടിട്ടുണ്ട്. എന്തായാലും വിചിത്രമായ സംഭവത്തിന് ശേഷം വീടിന് പുറത്തിറങ്ങാൻ തന്നെ പേടിച്ചിരിക്കുകയാണ് പ്രദേശവാസികള്‍. എത്രയും പെട്ടെന്ന് നാട്ടിലിറങ്ങി കറങ്ങിനടക്കുന്ന വന്യജീവികളെ വനംവകുപ്പ് പിടികൂടി, ഉള്‍ക്കാട്ടിലേക്ക് അയക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടെ വീഡിയോ സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ പ്രചരിച്ചു. കണ്ടവരെല്ലാം തന്നെ ഒരുപോല അമ്പരപ്പും ഭയവുമാണ് രേഖപ്പെടുത്തുന്നത്.

Related Articles

Back to top button