പതിവ് കള്ളനെ കൈയ്യോടെ പൊക്കി പൊലീസ്….
കോട്ടയം: തിരുനക്കര ക്ഷേത്രത്തിനു സമീപത്തുള്ള കടമുറിയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം പ്ലാശനാൽ തെള്ളിയാമറ്റം ഭാഗത്ത് കാരാട്ട് വീട്ടിൽ ശ്രീജിത്ത് കെ.എസ് എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 27 ന് രാത്രി 12 മണിയോടുകൂടി തിരുനക്കര ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന കടമുറിക്കുള്ളിൽ അതിക്രമിച്ചുകയറി, അലമാരയിൽ സൂക്ഷിച്ചിരുന്ന 8000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ശ്രീജിത്തിന് ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി,തൊടുപുഴ, മുട്ടം എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്.