പാവങ്ങളുടെ കീശയിലും കൈയിട്ടവാരി….അടിച്ചോണ്ട് പോയത് ഹരിതകർമസേനയുടെ ഒന്നര ലക്ഷം…
തൃശൂര്‍: പട്ടിക്കാട് പാണഞ്ചേരി പഞ്ചായത്തില്‍ ഹരിതകര്‍മസേനയുടെ യൂസര്‍ ഫീ അക്കൗണ്ടില്‍ വന്‍ തട്ടിപ്പ്. പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിവരുന്ന ഹരിതകര്‍മസേനയുടെ പേരിലുള്ള കണ്‍സോര്‍ഷ്യം ബാങ്ക് അക്കൗണ്ടില്‍നിന്നും സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടാണ് പണം തട്ടിയെടുത്തത്. ഒരു ലക്ഷത്തി അമ്പത്തിനാലായിരം രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പയ്യനം വാര്‍ഡിലെ അംഗവും ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം പഞ്ചായത്ത്തല പ്രസിഡന്റുമായ സിന്റലിയുടെ പേരില്‍ പീച്ചി പൊലീസ് കേസെടുത്തു. പദ്ധതിയുടെ പഞ്ചായത്ത് നിര്‍വഹണ ചുമതലയുള്ള വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്ലാസ്റ്റിക് ശേഖരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വീടുകളില്‍നിന്നും സ്വരൂപിക്കുന്ന പണം ബാങ്കില്‍ നിക്ഷേപിക്കുകയും കണ്‍സോര്‍ഷ്യം ചുമതലയുള്ള പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ഒപ്പിട്ടാലേ പണം ബാങ്കില്‍നിന്നും എടുക്കുവാന്‍ സാധിക്കു. ഈ സാഹചര്യത്തില്‍ സെക്രട്ടറി മോഹിനിയുടെ വ്യാജ ഒപ്പിട്ടാണ് സിന്റലി ഗ്രാമീണ്‍ ബാങ്ക് പട്ടിക്കാട് ശാഖയില്‍നിന്നും പണം പിന്‍വലിച്ചത്. ഒരു ചെക്കില്‍ 4000 രൂപ എഴുതി സെക്രട്ടറിയുടെ കൈയില്‍നിന്നും ഒപ്പ് വാങ്ങിയതിനു ശേഷം 4000ത്തിനു മുമ്പ് മൂന്ന് എന്ന അക്കം എഴുതിച്ചേര്‍ത്ത് 34000 രൂപയും ബാങ്കില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം നാല് ഇടപാടുകളില്‍നിന്നായാണ് ഒരു ലക്ഷത്തി അമ്പത്തിനാലായിരം രൂപ തട്ടിയെടുത്തത്. ഓഡിറ്റിങ് വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതിന്റടിസ്ഥാനത്തിലാണ് അധികൃതര്‍ പീച്ചി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ നാല് ദിവസം മുമ്പ് സിന്റലി ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സി പി എം ആശാരിക്കാട് ബ്രാഞ്ച് കമ്മറ്റി അംഗം കൂടിയാണ് സിന്റല.