അരുണാചലിലെ സ്ഥലങ്ങളുടെ പേര് മാറ്റി ചൈന..ഒരു കാര്യവുമില്ലെന്ന് കേന്ദ്രം…
അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി ചൈന .അരുണാചൽ പ്രദേശിൽ അവകാശം ഉന്നയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ പേരുമാറ്റുന്ന നാലാമത്തെ പട്ടിക ചൈന പുറത്തുവിടുന്നത്. എന്നാൽ ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യയും രംഗത്തെത്തി .അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മറുപടി നൽകി.
ഇതാദ്യമായല്ല ഇന്ത്യൻ പ്രദേശത്തിനുള്ളിലെ സ്ഥലങ്ങളുടെ പേരുമാറ്റാൻ ചൈന ശ്രമിക്കുന്നത്.അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയത്തിന്‍റെ നടപടി . അരുണാചൽ പ്രദേശ് തങ്ങളുടെ അധീനതയിലുള്ള ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനീസ് വാദം. മേയ് ഒന്ന് മുതൽ പുതിയ സ്ഥലപ്പേരുകൾ നിലവിൽ വരുമെന്നും ഇവർ അവകാശപ്പെടുന്നു.എന്നാൽ അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നാണ് ചൈനയുടെ പേര് മാറ്റത്തെ തള്ളി ഇന്ത്യ പ്രതികരിച്ചത്.കൂടാതെ നിയന്ത്രണരേഖയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.