വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്… പ്രതി പിടിയിൽ….
അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഇൻസ്റ്റഗ്രാം വഴി യുവതികളെ പരിചയപ്പെട്ട ശേഷം അവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, പണവും സ്വർണവും തട്ടി എടുക്കുകയും ചെയ്യുന്ന ഇടുക്കി പീരുമേട് വടക്കേമല തുണ്ടിയില്‍ വീട്ടില്‍ അജിത് ബിജു (28)നെയാണ് ചെങ്ങന്നൂര്‍ ഡി.വൈ.എസ.പിയും സംഘവും അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും യുവതിയുടെ നഗ്ന വീഡിയോകള്‍ മൊബൈലില്‍ റിക്കാർഡ് ചെയ്യുകയും, വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയാവഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കിയ സംഭവത്തിൽ ആലപ്പുഴ വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി അജിത് ബിജുവിനെ അറസ്റ്റ് ചെയ്തത്. ഈ കേസ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള കേസായതിനാല്‍ അന്വേഷണത്തിന് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരുന്നു.അജിത് ബി.കൃഷ്ണ നായര്‍ എന്ന ഇൻസ്റ്റാഗ്രാം ഐഡിയില്‍ തന്റെ റീൽസും മറ്റും സ്ഥിരമായി പോസ്റ്റ് ചെയ്ത് യുവതികളുമായി ചങ്ങാത്തത്തിലാകുന്നതാണ് പ്രതിയുടെ പതിവ്. ഇപ്രകാരമുള്ള കുറ്റകൃത്യത്തിന് മലപ്പുറം കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാകിയിരുന്നു. പ്രതി ജാമ്യമെടുത്ത് ഒളിവില്‍ പല സ്ഥലങ്ങളിലായി കഴിഞ്ഞുവരവേ ആണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള സ്ത്രീകളുമായി ഇപ്രകാരം സോഷ്യല്‍ മീഡിയാ വഴി ബന്ധത്തിലാകുന്നത്. രണ്ട് വർഷരങ്ങൾക്ക് മുന്‍പ് നടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നൽകാൻ തയ്യാറായത്. പ്രതി കൂടുതല്‍ യുവതികളെ ഇപ്രകാരം സോഷ്യല്‍ മീഡിയ വഴി വശീകരിച്ച് ചതിച്ചതായി സംശയിക്കുന്നു. പ്രതിയുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ പരിശോധിച്ച് വിശദമായ അന്വേഷണങ്ങള്‍ പൊലീസ് നടത്തിവരുന്നു.