കുഞ്ഞിനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു.. അമ്മ 18 വര്‍ഷത്തിന് ശേഷം വീണ്ടും പിടിയില്‍….
കോട്ടയം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അമ്മ പതിനെട്ട് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന ഓമനയെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. 2004ലാണ് ഓമന തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളിയത്. കേസില്‍ അറസ്റ്റിലായ ഓമന, ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ 18 വർഷത്തോളമായി തമിഴ്നാട്ടിലെ തിരുപ്പതിയിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. വിവിധ കേസുകളിൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ് വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഓമന പോലീസിന്റെ പിടിയിലാകുന്നത്.