യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
പാറശ്ശാല: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട്ടുക്കട എറിച്ചെല്ലൂർ ഊരാളിവിള വീട്ടിൽ അനീഷ് (33) നെയാണ് കിണറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷിന്റെ സുഹൃത്ത് വാടകയ്ക്കെടുത്ത വീട് താമസത്തിനായി സജ്ജീകരിക്കുന്നതിനായി അനീഷും മറ്റ് നാല് സുഹൃത്തുക്കളും വാടകവീട്ടിൽ എത്തിയിരുന്നു. ജോലികൾ പൂർത്തീകരിച്ച ശേഷം ഇവർ സംഘം ചേർന്ന് മദ്യപിക്കുകയും തുടർന്ന് പുറത്തേക്ക് പോവുകയും ചെയ്തു. എന്നാൽ മരണപ്പെട്ട അനീഷ് രാത്രിയിൽ വീട്ടിലെത്താത്തതിനെ തുടർന്ന് ഇന്നലെ രാവിലെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ വാടക വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊഴിയൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റാഫേൽ ലീല ദമ്പതികളുടെ മകനാണ് മരണപ്പെട്ട അനീഷ്.