സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു…
പാലക്കാട്: സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. കുഴൽമന്ദം സ്വദേശി തത്തയുടെ കാലാണ് കാട്ടുപന്നി കടിച്ചു മുറിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് പിറകുവശത്ത് കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്നു തത്ത. ഇതിനിടെ കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു.
ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ഗുരുതരമാണ്.
പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്നൊരു പ്രദേശമാണ് ഇത്. പലതവണ ഈ പ്രശ്നമുന്നയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ ഇടുക്കി സ്പ്രിംങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. മുല്ലമല സ്വദേശി എം ആർ രാജീവിനാണ് (46) പരിക്കേറ്റത്. വയറിനു കുത്തേറ്റ രാജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.