‘ആടുജീവിത’ത്തിന് വ്യാജൻ…
ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ സിനിമകളുടെ വ്യാജ പതിപ്പുകൾ ഐപിടിവികളിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. പാരി മാച്ച് എന്ന ലോഗോയും വ്യാജ പതിപ്പിൽ ഉണ്ട്. ഇത് സ്പോർട്സ് റിലേറ്റഡ് വാതുവയ്പ്പ് നടത്തുന്ന കമ്പനിയാണെന്നാണ് വിവരം. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ചിത്രമാണ് ‘ആടുജീവിതം’. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റുതാരങ്ങൾ. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു.