കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

ആദായ നികുതി പുനര്‍നിര്‍ണ്ണയം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. 2014 മുതല്‍ 17വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണ്ണയ നടപടിയെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. എന്നാല്‍ ആദായ വകുപ്പിന്‍റെ നടപടി ശരി വച്ച കോടതി കോണ്‍ഗ്രസിന്‍റെ ഹര്‍ജി തള്ളുകയായിരുന്നു. 520 കോടിയിലധികം രൂപയുടെ നികുതി കോണ്‍ഗ്രസ് അടക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി തള്ളിയതോടെ കോൺ്‍ഗ്രസിന്‍റെ അക്കൗണ്ടുകള്‍ സമീപകാലത്തെങ്ങും പ്രവര്‍ത്തനക്ഷമമായേക്കില്ല. അതേസമയം മുന്‍കാലങ്ങളിലുണ്ടാകാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നത്. നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയിലാണ് പാര്‍ട്ടി നേതൃത്വം. ചെലവുകള്‍ക്കായി സംസ്ഥാന ഘടകങ്ങള്‍ക്ക് ഇതുവരെ എഐസിസി പണം നല്‍കിയിട്ടില്ല. ക്രൗഡ് ഫണ്ടിംഗിലൂടെയോ , സംഭാവനകള്‍ സ്വീകരിച്ചോ പണം കണ്ടെത്താനാണ് പിസിസികളോട് പറഞ്ഞത്. സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളും പണം കണ്ടെത്താൻ ശ്രമം നടത്തണം. പ്രതിസന്ധി തുടര്‍ന്നാല്‍ യാത്രാ ചെലവടക്കം ബാധ്യതയാകും. അതിനാൽ പ്രധാന നേതാക്കള്‍ക്ക് പഴയതുപോലെ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്താനാവില്ല. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്ന് നേതാക്കള്‍ പറയുന്നു.

Related Articles

Back to top button