മസാല ബോണ്ട്… തോമസ് ഐസക് വീണ്ടും ഹൈക്കോടതിയിൽ…

കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ് ഐസക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഏഴാം തവണ ഇഡി സമൻസ് അയച്ചതോടെയാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. അടിയന്തര സാഹചര്യമുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കാൻ തോമസ് ഐസകിന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഹർജി തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. ഇഡിയുടെ നടപടി കോടതിയോടുള്ള അനാദരവെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് താനെന്നും ഹര്‍ജിയിൽ ഐസക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇഡി ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ടെന്നും തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനാണ് ഇപ്പോഴുള്ള നീക്കമെന്നും ഐസക് ഹര്‍ജിയിൽ കുറ്റപ്പെടുത്തുന്നു.ഏപ്രിൽ രണ്ടിന് കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നാണ് ഏറ്റവും പുതിയ സമൻസിൽ ഇഡി ആവശ്യപ്പെട്ടത്. നേരത്തെ നൽകിയ നോട്ടീസുകളെ ചോദ്യം ചെയ്ത് കിഫ്ബിയും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Related Articles

Back to top button