മസാലബോണ്ട് ഇടപാട്.. തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇ.ഡി…
എറണാകുളം: മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇ.ഡി ഹൈക്കോടതിയില്‍. നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നതായാണ് ഇ.ഡി കോടതിയെ അറിയിച്ചത്. കിഫ്ബിയുടെ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ബോണ്ട് സംബന്ധിച്ച പ്രധാന തീരുമാനമെടുത്ത വ്യക്തി ഐസക്കാണ്. ഇടപാടിലെ നിയമസാധുത പരിശോധിക്കാൻ ഐസക്കിന്റെ മൊഴിയെടുത്തേ മതിയാകൂവെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു. തോമസ് ഐസക്കിന്റെ ഹർജി പരിഗണിക്കുന്നതിനിടെ എന്തിനാണ് അദ്ദേഹത്തിന് സമൻസ് അയക്കുന്നതെന്ന് കോടതി ഇ.ഡിയോട് നേരത്തെ ചോദിച്ചിരുന്നു. കേസ് വേനൽ അവധിക്ക് ശേഷം മേയ് 22നു പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതിനിടയിൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ ഹൈക്കോടതിയെ സമീപിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.