ആത്മഹത്യാശ്രമം.. എം.പി ആശുപത്രിയിൽ…
എം.പി ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്‌നാട് ഈറോഡ് എം.പി ഗണേശമൂര്‍ത്തിയാണ് ഇന്ന് രാവിലെ 9.30ഓടെ ആത്മഹത്യക്ക് ശ്രമിച്ചത്. ഗണേശമൂർത്തിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഗണേശമൂർത്തിയുടെ ജീവൻ നിലനിര്‍ത്തുന്നത്.
എംഡിഎംകെ പാര്‍ട്ടി നേതാവായ ഗണേശമൂര്‍ത്തി ഡിഎംകെ ചിഹ്നത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂര്‍ത്തിക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഡിഎംകെ ഈറോഡ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ഉദയനിധിയുടെ നോമിനിയായ കെഎ പ്രകാശ് ആണ് ഈറോഡില്‍ ഇത്തവണ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഒരാഴ്ചയായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഗണേശമൂര്‍ത്തിയെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.