ചാലിയാറിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം.. അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്…

മലപ്പുറം: ചാലിയാർ പുഴയിൽ പ്ലസ് വൺ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറി. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്തിലായിരുന്നു ഇതുവരെയുള്ള കേസ് അന്വേഷണം നടന്നത്. പ്രാഥമിക പോസ്റ്റ്‌മോർട്ടത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ കരാട്ടേ പരിശീലകനായ ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലി പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചതായി പിന്നീട് വിവരം പുറത്തുവന്നു. പെൺകുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബവും ആക്ഷൻ കൗൺസിലും ആരോപിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 19നാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കരാട്ടെ പരിശീലകൻ സിദ്ദീഖ് അലിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വ്യാപക പരാതിയാണ് ഉയർന്നിരുന്നത്. ഇയാൾ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് പതിവാണെന്നും ആരോപണമുയർന്നു. ഇതെല്ലാം കരാട്ടെയുടെ ഭാഗമാണെന്നായിരുന്നു സിദ്ദീഖ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇയാൾ നേരത്തെ പോക്‌സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ആളാണെന്നും പൊലീസ് പറഞ്ഞിരുന്നു.

Related Articles

Back to top button