കുപ്രസിദ്ധ മോഷ്ടാവ് കള്ളന്‍ കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് കള്ളന്‍ കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജ് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിളപ്പില്‍ശാല പുന്നശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശി കള്ളന്‍ കുമാര്‍ എന്ന അനില്‍കുമാറാണ് പ്രതി.പട്ടത്തും വലിയശാലയിലും വീടുകള്‍ കുത്തിത്തുറന്ന് 21.5 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2023 മെയ് 25 നാണ് പ്രതി അറസ്റ്റിലായത്. പട്ടത്ത് ആരോഗ്യവകുപ്പ് റിട്ട.ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നിന്ന് 45.5 പവന്‍ സ്വര്‍ണാഭരണങ്ങളും 1.80 ലക്ഷം രൂപയും, വലിയശാലയിലെ ബീനയുടെ വീട്ടില്‍ നിന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയും മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. മോഷണശേഷം ഒളിവില്‍ കഴിഞ്ഞ വിളപ്പില്‍ശാലയിലെ വീട്ടില്‍ നിന്ന് മുഴുവന്‍ ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ഗേറ്റ് പൂട്ടിക്കിടക്കുന്ന വീടുകള്‍ നിരീക്ഷിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 20 ഓളം മോഷണ കേസുകളില്‍ പ്രതിയാണ്. മെഡിക്കല്‍ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.