മലയാളം പറഞ്ഞ് ആരാധകരെ ഞെട്ടിച്ച് വിജയ്
കഴിഞ്ഞ രണ്ട് ദിവസമായി നടൻ വിജയ് കേരളത്തിലാണ് ഉള്ളത്. ദ ഗോട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് താരം തിരുവനന്തപുരത്ത് എത്തിയത്. ഹയാത്ത് റസിഡൻസിയിൽ താമസിക്കുന്ന താരത്തെ കാണാൻ ഒട്ടനവധി പേരാണ് ഇവിടെ ഓരോ നിമിഷവും എത്തിച്ചേരുന്നത്. ഒപ്പം തമിഴ്നാട്ടിൽ നിന്നും ആരാധകർ എത്തുന്നുണ്ട്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ഇപ്പോഴിതാ കേരളത്തിൽ എത്തിയ ശേഷം ആദ്യമായി മലയാളത്തിൽ തന്റെ ആരാധകരെ അഭിസംബോധന ചെയ്തിരിക്കുകയാണ് വിജയ്. പതിവ് പോലെ ബസിന് മുകളിൽ കയറി നിന്ന വിജയ് പറഞ്ഞത്, “ഏൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ.. നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം. ഓണം ആഘോഷത്തിൽ നിങ്ങൾ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എനിക്ക് ഉള്ളത്. എല്ലാവർക്കും കോടാനു കോടി നട്രികൾ. തമിഴ്നാട്ടിലെ എന്റെ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവലിങ്കേ. നിങ്ങൾ നൽകുന്ന സ്നോഹത്തിന് വീണ്ടും കോടാനു കോടി നന്ദി അറിയിക്കുന്നു. മലയാള മണ്ണില്‍ വന്നതില്‍ വളരെയധികം സന്തോഷം”,എന്നാണ് വിജയ് പറഞ്ഞത് .