പ്രധാനമന്ത്രിയുടെ റോഡ് ഷോ…പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ….
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കുന്നതിനാൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളോട് നേരത്തെ എത്താൻ നിർദേശം. രാവിലെ 7.30ഓടെ സ്‌കൂളിലെത്താനാണ് വിദ്യാഭ്യാസ വകുപ്പും പൊലീസും ഉത്തരവിട്ടിരിക്കുന്നത്.
9.30ന് നടക്കുന്ന പരീക്ഷയ്ക്കാണ് രണ്ടു മണിക്കൂർ മുൻപേ സ്‌കൂളിലേത്താൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് നഗരത്തിലെ ബി.ഇ.എം, മോയൻസ്, പി.എം.ജി സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് നേരത്തെ എത്താൻ ആവശ്യപ്പെടുന്നതെന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്. ജില്ലയുടെ പല ഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികളും സ്‌കൂളിൽ പരീക്ഷ എഴുതുന്നുണ്ട്. നിർദേശത്തിനെതിരെ രക്ഷിതാക്കളും വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ മാനസികസമ്മർദം കൂട്ടുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.