ഭൂമിക്കടിയിലെ രഹസ്യ അറ.. തുറന്നപ്പോൾ…
കണ്ണൂര്: തളിപ്പറമ്പിൽ 275 കുപ്പി മാഹി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സ്കൂട്ടിയിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി മടക്കാംപൊയിൽ സ്വദേശി നന്ദു എന്നയാൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ വിൽപ്പനയ്ക്ക് മദ്യം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് സൂചന ലഭിച്ചു. തുടർന്ന് പ്രതി ഭൂമിക്കടിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന 225 കുപ്പി മാഹി മദ്യം കൂടി എക്സൈസ് സംഘം കണ്ടെടുത്തു. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ കെ രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി, സനേഷ് പി വി, പി സൂരജ്, എക്സൈസ് ഡ്രൈവർ അജിത്ത് പി വി എന്നിവർ കേസ് കണ്ടെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നു.